Showing posts with label നിനക്കായ്‌ മാത്രം. Show all posts
Showing posts with label നിനക്കായ്‌ മാത്രം. Show all posts

Saturday, March 24, 2012

നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..
എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു.... 

 എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

Monday, February 27, 2012

ഒരു നിമിഷത്തെ മൌനത്തില്‍ പോലും
തനുവും മനവും തളരുകയാണ്
കൂടെയുണ്ടാകില്ലേ എന്ന ചിന്ത
ആത്മാവിനെ പോലും നീറ്റുന്നു
നിന്‍റെ നിശ്വാസമായിരുന്നോ
എന്‍റെ ശ്വാസവും ജീവനും???

Saturday, February 18, 2012

നിന്‍റെ മൌനം തീര്‍ക്കുന്നത് ചന്ദന ചിതയാണ്
കത്തിയെരിയുന്നത് ഹൃദയവും ..
വാചാലതയില്‍ പെരുമഴ പെയ്യുമ്പോ
പുനര്‍ജന്മമെന്തെന്നറിയുന്നു..
നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
ചിത എരിഞ്ഞു തീരും മുന്നേ
ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.....

Friday, February 17, 2012

എനിക്കായ്‌ തുറന്നു തന്നൊരു ഹൃദയത്തിലേക്ക്
പതിയെ നടന്നു കയറുകയായിരുന്നു
ഇവിടെ ഞാന്‍ സുരക്ഷിതയാണ് ഇനി നിന്റെ
ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....

Monday, December 26, 2011

ആത്മാവിന്‍റെ പ്രണയം


നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് പോലും അറിയാതെ നിസ്സംഗതയോടെ ഈ ഇരുപ്പ് തുടങ്ങിയിട്ടെത്ര നാളായി, ചിന്തകള്‍ പോലും നഷ്ട്ടപ്പെട്ട ദിനരാത്രങ്ങള്‍ .. മനസ്സു തുറന്നൊന്നു പറയാനും കരയാനും കഴിയാതെ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തട്ടി പ്രതിധ്വനിക്കുന്ന തന്റെ തന്നെ നിശ്വാസത്തിന്റെ ചൂട് ഓര്‍മ്മകളെപ്പോലും ചുട്ടുപൊള്ളിക്കുന്നു.എവിടേക്കാണ് ഞാന്‍ പോകേണ്ടത് നിന്റെ ഓര്‍മ്മകളുടെ ഭാണ്ഡമഴിച്ചു വെക്കാന്‍.നമ്മുടെ പ്രണയത്തിന് സാക്ഷിയായി എന്നും കൂട്ട് വന്ന മഴ പോലും പെയ്യാന്‍ മറന്നു നില്‍ക്കുകയാണിന്നു.എല്ലാം മനസ്സ് തുറന്നു പറഞ്ഞിട്ടും സംശയത്തിന്‍റെ കരിനിഴലില്‍ തൂങ്ങിയാടിയ പ്രണയം അതിന്റെ അവസാന ശ്വാസം വരെയും പോരാടി തളര്‍ന്നാണ് വീണത്‌.കാരണമില്ലാതെ നിന്നില്‍ വരുന്ന ഭാവമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏറെ ശ്രമിച്ചു ഞാന്‍ , ഒടുവില്‍ നീ തന്ന ഓര്‍മ്മകള്‍ കൊണ്ട് ചിതയുണ്ടാക്കി സ്വയം കത്തിയെരിയാന് തീരുമാനിച്ചു.‍ ജീവനില്ലാത്ത ശരീരങ്ങള്‍ പ്രണയിക്കില്ല, പ്രണയ നഷ്ടങ്ങളില്‍ സ്വയമുരുകി തീരില്ല, ആര്‍ക്കു വേണ്ടിയും കണ്ണീര്‍ പൊഴിക്കില്ല .. ഇതൊക്കെയായിരുന്നു വിശ്വാസം.... പക്ഷെ ഇപ്പോള്‍ ശരീരമില്ലാത്ത ആത്മാവ് നിന്നെ തേടി അലയുകയാണ്.. കാരണം ഞാന്‍ നിന്നെ സ്നേഹിച്ചത് എന്റെ ആത്മാവ് കൊണ്ടായിരുന്നു.ഇപ്പോഴും അറിയില്ല എവിടെയാണ് പിഴച്ചത്.......

തുടിപ്പ്....

ഏറെ നാളുകള്‍ക്കു ശേഷം ഈ പുലരി എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍ നനഞ്ഞലിയവേ നീ എന്നില്‍ ശേഷിപ്പിച്ച ആലസ്യത്തിന്റെ കൂട്പൊളിച്ചു എനിക്കൊന്നുറക്കെ കരയാന്‍ തോന്നുന്നതെന്തേ,മൌനത്തിന്റെ ചെറിയൊരു ഇടവേള പോലും അസഹ്യമാകുന്നതെന്തേ... കൂടുതല്‍ അറിയുന്തോറും നീ എന്നില്‍ വേരുറപ്പിക്കുന്നു.. ഒരിക്കലും പിഴുതെടുക്കാനാക്കാത്ത അത്രയും ആഴത്തില്‍,.. ആ മനമൊന്നിടറിയാല്‍, കണ്ണൊന്നു നനഞ്ഞാല്‍ ഓര്‍ക്കുക കാതങ്ങല്‍ക്കകലെ നിന്നും നിന്നിലെക്കെത്തുന്നൊരു ഹൃദയം ഇവിടെ വരികള്‍ക്കിടയില്‍ തുടിക്കുന്നുണ്ടെന്നു...

നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയാല്‍...

" നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയാല്‍ എന്റെ മിഴികള്‍ നിറയുന്നതെന്തേ... എന്റെ ഹൃദയം വിതുമ്പുന്നതെന്തേ..." നിന്‍റെ കൂടെ ഉണ്ടായിരുന്നു ഓരോ ഓര്‍മ്മകളിലും എന്നില്‍ നിന്നും ഉതിരുന്നത് രണ്ടു തുള്ളി കണ്ണുനീര്‍ അല്ലാ... പേമാരിയാണ്.. ഓരോ നിമിഷവും നീറി നീറി ഞാന്‍ കഴിയുന്നത് എന്നെങ്കിലും ഓര്‍ത്തുവോ. ഒന്ന് മുഖം വാടുമ്പോള്‍ ദേഷ്യം വരുമ്പോള്‍ കൂടെ നിന്ന് കാണുന്നതെങ്ങനെ ഞാന്‍.. കാതങ്ങല്‍ക്കകലെ ഇരുന്നു വാക്കുകളില്‍ കൂടി പങ്കിടുന്ന സ്നേഹത്തിന് ആഗ്രഹത്തിന്റെ അതിര്‍ വരമ്പുകളെ തട്ടി നീക്കാനുള്ള ശേഷിയില്ലാത്തത് എന്റെ നിസ്സംഗതയെ ഒന്നുകൂടി വളര്‍ത്തുന്നു.. എങ്കിലും എന്നില്‍ നീയും നിന്നില്‍ ഞാനും ഉള്ളിടത്തോളം ഒരു അകല്‍ച്ച സാധ്യമാകുന്നതെങ്ങനെ? പ്രണയത്തിന്റ ഇരു ഹൃദയങ്ങള്‍ എല്ലാ മറകളെയും നീക്കി ഒരുന്നാള്‍ ഒരുമിക്കട്ടെ. ഇന്ന് പൊഴിക്കുന്ന കണ്ണുനീര്‍ തുള്ളികള്‍ എല്ലാം തന്നെ നിന്നോടുള്ള എന്റെ പ്രേമത്തിന്റെ തീര്‍ത്ഥങ്ങളായി കണ്ടു സ്വീകരിച്ചാലും.....................

മഷിത്തണ്ട്

കൈ പിടിച്ചു കൂടെകൂട്ടി ഒന്നാം ക്ലാസ്സിന്റെ പടിവാതുക്കല്‍ എന്നെ കൊണ്ടാക്കി നീ തിരിച്ചു പോകുമ്പോ ഓടിവന്നു ഞാന്‍ വരാതെ ഒറ്റക്കെങ്ങും പോകല്ലേന്നു നീ പറഞ്ഞത് ഓര്‍ക്കാറുണ്ട്, വളര്‍ന്നപ്പോ നിന്റെ കരുതലും കൂടികൂടി വരുന്നത് ഞാന്‍ അറിഞ്ഞിരുന്നു, ഒരിക്കലും ഒറ്റക്കാക്കാതെ എന്റെ ബാല്യം മുഴുവനും കൂടെ നടത്തിയിട്ട് നീ എന്തെ അകന്നു,ഒരു ജന്മം മുഴുവനും കൂടെ കൂട്ടാമായിരുന്നില്ലേ. വെള്ള മഷിത്തണ്ട് കൊണ്ട് മായ്ച്ചുകളഞ്ഞിട്ടില്ല ഒന്നും... ഇവിടെയുണ്ട് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ശിലാലിഖിതമായി.. ഡിസംബറിന്‍റെ ആദ്യനഷ്ടം അത് നീയായിരുന്നു....