Saturday, March 24, 2012

നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..
എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു.... 

 എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

Tuesday, March 20, 2012

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍
Add caption
ആളുകള്‍ കൂടിയ ചന്തയില്‍
അയാള്‍ വിളിച്ചുകൂവി,
"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"
മനുഷ്യാരവങ്ങള്‍ക്കിടയില്‍
ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍
വൃഥാവിലായി.
നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍
തുടച്ചുമാറ്റി വീണ്ടുമയാള്‍
വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,
"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടി
നിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍
അവരുടെ കണ്ണുകള്‍ പരത്തിനടന്നു.
വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം
അയാള്‍ എഴുന്നേറ്റു.

യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നു
കളിപ്പാട്ടങ്ങളുടെ കൈയും കാലും
അവര്‍ പിടിച്ചുനോക്കി.
പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തി
അവരതിനു ചുറ്റും നടന്നുനോക്കി,
താണും ചെരിഞ്ഞും കുനിഞ്ഞും
അതിന്റെ കണ്ണും മൂക്കും വായും
അവര്‍ പരിശോധിച്ചു, മതി വരുവോളം.

സ്വയം പിറുപിറുത്തും
പരസ്പരം എന്തോ പറഞ്ഞും
ചിലര്‍ തിരിച്ചുപോയി,
മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു
" ഏതെങ്കിലും ഒന്നിനെയെങ്കിലും"
ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍
ആ വൃദ്ധന്‍ പിന്നെയും വിളിച്ചു
കൂവിക്കൊണ്ടേയിരുന്നു
വീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

മറ്റൊരു വഴിയാത്രക്കാരന്‍
കളിപ്പാവള്‍ക്കരികിലേക്കു വന്നു
അതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കി
ആ കച്ചവടം നടന്നു.

ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായി
ആ വൃദ്ധന്‍ നടന്നു നീങ്ങി
ജീവനുള്ള തന്റെ ബാക്കി, നാലു
കളിപ്പാവകളെയും കൊണ്ട്
ഉവ്വ്,
അതയാളുടെ പെണ്‍മക്കളായിരുന്നു
ആരും,
വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.

Monday, February 27, 2012

ഒരു നിമിഷത്തെ മൌനത്തില്‍ പോലും
തനുവും മനവും തളരുകയാണ്
കൂടെയുണ്ടാകില്ലേ എന്ന ചിന്ത
ആത്മാവിനെ പോലും നീറ്റുന്നു
നിന്‍റെ നിശ്വാസമായിരുന്നോ
എന്‍റെ ശ്വാസവും ജീവനും???

Saturday, February 18, 2012

നിന്‍റെ മൌനം തീര്‍ക്കുന്നത് ചന്ദന ചിതയാണ്
കത്തിയെരിയുന്നത് ഹൃദയവും ..
വാചാലതയില്‍ പെരുമഴ പെയ്യുമ്പോ
പുനര്‍ജന്മമെന്തെന്നറിയുന്നു..
നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
ചിത എരിഞ്ഞു തീരും മുന്നേ
ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.....

Friday, February 17, 2012

എനിക്കായ്‌ തുറന്നു തന്നൊരു ഹൃദയത്തിലേക്ക്
പതിയെ നടന്നു കയറുകയായിരുന്നു
ഇവിടെ ഞാന്‍ സുരക്ഷിതയാണ് ഇനി നിന്റെ
ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....

Wednesday, December 28, 2011

അവാര്‍ഡ്‌

രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്‌.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കര മാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത‍ കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്‌.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോളൂ പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിച്ചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്‌.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടക്കോല്‍ അയാളുടെ കൈയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപ്പിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിച്ചുരിയിരുന്നു.പിന്നെ അത് എന്റെ കൈയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റമ്പലത്തിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കൈയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?
                                                                                                                                         
ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത്‌ തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത്‌ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനിക്കേണ്ടത് എന്ന്.സ്വയം അതിനു മിനക്കെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോടുകൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു....

ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടത്തിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു.

വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ്‌ ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും.

അച്ഛന്‍റെ മണം

ശാന്തമായ കടല്‍ തീരത്ത് കൂടെ അവര്‍ നടക്കാന്‍ തുടങ്ങിയിട്ടേരെയായി, മൌനത്തിന്റെ വാതായനങ്ങള്‍ തള്ളിത്തുറക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല.അവസാനം അവള്‍ വിളിച്ചു "അമ്മെ.." അവളുടെ മനസ്സില്‍ തിരമാലകള്‍ അലമുറയിട്ടു. മകളുടെ വിളി കേട്ടപ്പോ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ വാത്സല്ല്യം ഒന്നായ്‌ ഇടനെഞ്ചില്‍ വിങ്ങി. " എന്താ മോളെ, എന്താ അമ്മയോട് നിനക്ക് പറയാനുള്ളത്"... "അമ്മെ അത്.. ഇനി.. ഇനിയെങ്കിലും പറഞ്ഞുടെ എന്‍റെ അച്ഛനെ കുറിച്ച്?".. അവള്‍ പ്രതീക്ഷയോടെ നോക്കി, അമ്മയില്‍ നിന്നും ഉതിര്‍ന്ന ദീര്‍ഘനിശ്വാസത്തില്‍ അവളുടെ മുഖം പൊള്ളി. " വരൂ" അവള്‍ മകളുടെ കൈ പിടിച്ചു മുക്കുവകുടിലിനു പിറകിലായുള്ളൊരു ഇടിഞ്ഞു വീഴാറായ ഓലപ്പുരയിലേക്ക് നടന്നു. " മോളെ.. ഇവിടെ നിന്‍റെയച്ചന്റെ മണമുണ്ട്... പേരോ മുഖമോ ഇല്ലാതെ എന്നെ മൂടിയ മണം".. പിന്നെ മകള്‍ ഒന്നും ചോദിച്ചില്ല. ഒരു രണ്ടു വയസ്സുകാരിയുടെ കൊഞ്ചലോടെ അമ്മയെ ചുറ്റിപ്പിടിച്ച് തിരിച്ചു നടക്കുമ്പോള്‍ അവര്‍ കണ്ടു ഒരുപാട് അമ്മമാര്‍ മക്കളെയും കൊണ്ട് നീങ്ങുന്നു ആ ഓലപ്പുരയിലേക്ക് പേരും മുഖവും ഇല്ലാത്ത അച്ഛന്റെ മണം അറിയാന്‍.......