Saturday, March 24, 2012

നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..
എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു.... 

 എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

Tuesday, March 20, 2012

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍

വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍
Add caption
ആളുകള്‍ കൂടിയ ചന്തയില്‍
അയാള്‍ വിളിച്ചുകൂവി,
"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"
മനുഷ്യാരവങ്ങള്‍ക്കിടയില്‍
ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍
വൃഥാവിലായി.
നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍
തുടച്ചുമാറ്റി വീണ്ടുമയാള്‍
വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,
"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടി
നിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍
അവരുടെ കണ്ണുകള്‍ പരത്തിനടന്നു.
വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം
അയാള്‍ എഴുന്നേറ്റു.

യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നു
കളിപ്പാട്ടങ്ങളുടെ കൈയും കാലും
അവര്‍ പിടിച്ചുനോക്കി.
പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തി
അവരതിനു ചുറ്റും നടന്നുനോക്കി,
താണും ചെരിഞ്ഞും കുനിഞ്ഞും
അതിന്റെ കണ്ണും മൂക്കും വായും
അവര്‍ പരിശോധിച്ചു, മതി വരുവോളം.

സ്വയം പിറുപിറുത്തും
പരസ്പരം എന്തോ പറഞ്ഞും
ചിലര്‍ തിരിച്ചുപോയി,
മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു
" ഏതെങ്കിലും ഒന്നിനെയെങ്കിലും"
ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍
ആ വൃദ്ധന്‍ പിന്നെയും വിളിച്ചു
കൂവിക്കൊണ്ടേയിരുന്നു
വീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"

മറ്റൊരു വഴിയാത്രക്കാരന്‍
കളിപ്പാവള്‍ക്കരികിലേക്കു വന്നു
അതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കി
ആ കച്ചവടം നടന്നു.

ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായി
ആ വൃദ്ധന്‍ നടന്നു നീങ്ങി
ജീവനുള്ള തന്റെ ബാക്കി, നാലു
കളിപ്പാവകളെയും കൊണ്ട്
ഉവ്വ്,
അതയാളുടെ പെണ്‍മക്കളായിരുന്നു
ആരും,
വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.