Wednesday, December 28, 2011

അവാര്‍ഡ്‌

രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്‌.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കര മാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത‍ കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്‌.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോളൂ പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിച്ചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്‌.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടക്കോല്‍ അയാളുടെ കൈയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപ്പിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിച്ചുരിയിരുന്നു.പിന്നെ അത് എന്റെ കൈയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റമ്പലത്തിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കൈയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?
                                                                                                                                         
ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത്‌ തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത്‌ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനിക്കേണ്ടത് എന്ന്.സ്വയം അതിനു മിനക്കെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോടുകൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു....

ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടത്തിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു.

വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ്‌ ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും.

അച്ഛന്‍റെ മണം

ശാന്തമായ കടല്‍ തീരത്ത് കൂടെ അവര്‍ നടക്കാന്‍ തുടങ്ങിയിട്ടേരെയായി, മൌനത്തിന്റെ വാതായനങ്ങള്‍ തള്ളിത്തുറക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല.അവസാനം അവള്‍ വിളിച്ചു "അമ്മെ.." അവളുടെ മനസ്സില്‍ തിരമാലകള്‍ അലമുറയിട്ടു. മകളുടെ വിളി കേട്ടപ്പോ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ വാത്സല്ല്യം ഒന്നായ്‌ ഇടനെഞ്ചില്‍ വിങ്ങി. " എന്താ മോളെ, എന്താ അമ്മയോട് നിനക്ക് പറയാനുള്ളത്"... "അമ്മെ അത്.. ഇനി.. ഇനിയെങ്കിലും പറഞ്ഞുടെ എന്‍റെ അച്ഛനെ കുറിച്ച്?".. അവള്‍ പ്രതീക്ഷയോടെ നോക്കി, അമ്മയില്‍ നിന്നും ഉതിര്‍ന്ന ദീര്‍ഘനിശ്വാസത്തില്‍ അവളുടെ മുഖം പൊള്ളി. " വരൂ" അവള്‍ മകളുടെ കൈ പിടിച്ചു മുക്കുവകുടിലിനു പിറകിലായുള്ളൊരു ഇടിഞ്ഞു വീഴാറായ ഓലപ്പുരയിലേക്ക് നടന്നു. " മോളെ.. ഇവിടെ നിന്‍റെയച്ചന്റെ മണമുണ്ട്... പേരോ മുഖമോ ഇല്ലാതെ എന്നെ മൂടിയ മണം".. പിന്നെ മകള്‍ ഒന്നും ചോദിച്ചില്ല. ഒരു രണ്ടു വയസ്സുകാരിയുടെ കൊഞ്ചലോടെ അമ്മയെ ചുറ്റിപ്പിടിച്ച് തിരിച്ചു നടക്കുമ്പോള്‍ അവര്‍ കണ്ടു ഒരുപാട് അമ്മമാര്‍ മക്കളെയും കൊണ്ട് നീങ്ങുന്നു ആ ഓലപ്പുരയിലേക്ക് പേരും മുഖവും ഇല്ലാത്ത അച്ഛന്റെ മണം അറിയാന്‍.......

Monday, December 26, 2011

ഓമനത്തിങ്കള്‍ കിടാവോ..

വിവാഹം കഴിഞ്ഞ ഏതൊരു ദമ്പതികളുടെയും ആഗ്രഹമാണ് ഒരു കുഞ്ഞു ഉണ്ടാകുക എന്നത്, ഞങ്ങളും അതില്‍ നിന്നും വിത്യസ്തമായിരുന്നില്ല.രണ്ടു മക്കളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിന്റെ ഭീകരാവസ്തയില്‍ നില്‍ക്കുമ്പോള്‍ തന്നെ മൂന്നാമതൊരു ജീവന്‍ ഉള്ളില്‍ തുടിക്കാന്‍ തുടങ്ങിയിരുന്നു, പക്ഷെ ആ സന്തോഷം പൂര്‍ണ്ണമായും അനുഭവിക്കാന്‍ മുന്‍കാല ദുരന്തങ്ങളുടെ പേടി മൂലം സാധിച്ചില്ല, ഏതു നിമിഷവും കുട്ടിയുടെ ശ്വാസം നില്‍ക്കാം എന്നൊരു തോന്നലായിരുന്നു മനസ്സില്‍. ആഴ്ചയില്‍ മൂന്നു ദിവസം സ്കാനിംഗ്‌, നാല് ദിവസം സി ടി ജി, ചുരുക്കത്തില്‍ എന്നും ഹോസ്പ്പിടളില്‍ തന്നെ.
2007ഒക്ടോബര്‍ മാസം ,
എന്നും ഞാന്‍ തനിച്ചായിരുന്നു ചെക്ക്‌ അപ്പ്‌നു പോയിരുന്നത്, ആഴ്ചയില്‍ നാലഞ്ചു തവണ പോകേണ്ടത് കൊണ്ടും, രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന സ്കാനിംഗ്‌, ചെക്ക്‌ അപ്പ് തുടങ്ങി പന്ത്രണ്ടോളം ഡോക്ടര്സിന്റെ കന്സല്ട്ടിംഗ് കഴിയുമ്പോഴേക്കും വൈകുന്നേരം ആകും, ഞാന്‍ അവിടെ ഗോള്ടെന്‍ ടീമില്‍ ആയിരുന്നു, എന്നുവച്ചാ അത്രയും അപകടം പിടിച്ച ഗര്‍ഭിണികളെ ഉള്‍ക്കൊള്ളിച്ച ടീം.അതുകൊണ്ട് തന്നെ സ്പെഷ്യല്‍കെയര്‍ ആയിരുന്നു.ഒക്ടോബര്‍ മാസം അവസാന ആഴ്ചയിലെ ചെക്ക്‌അപ്പ്‌ , സ്കാന്‍ ചെയ്തോണ്ടിരിക്കുംപോള്‍ പെട്ടന്നായിരുന്നു അടിവയറ്റില്‍ ഒരു വേദനയുടെ മിന്നല്‍പ്പിണര്‍, കിടന്നകിടപ്പില്‍ നിന്നും ഒരടി പൊങ്ങിയുയര്‍ന്നുപ്പോയി. ഏഴു മാസത്തില്‍ എന്താണിങ്ങനെ എന്ന് സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍. ഡിടെയില്‍ട് സ്കാനിങ്ങില്‍ കണ്ടു കുട്ടി പുറത്തേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നു.പക്ഷെ കുട്ടിയുടെ ലങ്ഗ്സ് പ്രവര്തനക്ഷമമായിട്ടില്ല. പ്രസവം നടന്നാലും എന്താകുമെന്ന് അറിയാത്ത അവസ്ഥ, അവസാനം അവര്‍ തീരുമാനിച്ചു, എല്ലാ ദിവസവും ചെക്ക്‌ അപ്പ്‌നു പോകുക എപ്പോളാണോ അവസ്ഥ ഗുരുതരമാകുന്നത് ആ സ്റ്റേജില്‍ കുട്ടിയെ പുറത്തെടുക്കാം അതുവരെ കുട്ടി വയറ്റില്‍ തന്നെ നിക്കുന്നതാണ് നല്ലതെന്നു,ലങ്ഗ്സ്ന്റെ വളര്‍ച്ചഎത്താനുള്ള സ്റ്റിറോയിട് ഇന്‍ജക്ഷനും തന്നു അന്ന് വൈകുന്നേരത്തോടെ വീട്ടിലേക്കു തിരിച്ചു വന്നു, പിന്നീടുള്ള ഓരോ നിമിഷത്തിലും മരിച്ചു ജീവിക്കുകയായിരുന്നു ഒന്ന് പുലര്‍ന്നു കിട്ടിയിരുന്നെങ്കില്‍ ആശുപത്രിയിലേക്ക് ഓടാമല്ലോ എന്നാ ചിന്തമാത്രം, ഞാനറിയാതെ കുട്ടിയുടെ ശ്വാസം നിലക്കുമോ എന്നാ ഭയം , ഒരഞ്ചു മിനുട്ട് അനക്കമില്ലാതെയിരുന്നാല്‍ വീര്‍ത്ത വയറിന്റെ ഓരോഭാഗവും ഞാന്‍ അമര്‍ത്തി നോക്കുമായിരുന്നു, എങ്ങനേലും ഒന്ന് അനങ്ങിയാല്‍ മതിയെന്നുള്ള പ്രാര്‍ത്ഥനയോടെ....
നവംബര്‍ മാസം..
ഓരോ ദിവസവും രാവിലെ ഹോസ്പ്പിടലിലേക്ക് പോകാന്‍ തുടങ്ങി സ്കാനിംഗ്‌ കഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങാതെ അവിടെത്തെ വിസിട്ടെര്സ് റൂമിലും ,സമയം കഴിഞ്ഞാല്‍ മുന്നില്‍ തന്നെയുള്ള ബസ്‌സ്റ്റോപ്പില്‍ ഇരിക്കും , പെട്ടന്ന് എന്തെങ്കിലും വേദന തോന്നിയാല്‍ എമെര്‍ജെന്സിയിലേക്ക് ഏതു നിമിഷവും പോകാനുള്ള അനുവാദം കിട്ടിയിരുന്നു, നാട്ടിലെപ്പോലെ ദിവസങ്ങള്‍ക്ക് മുന്നേ അട്മിട്റ്റ്‌ ആക്കില്ല ഇവിടെ. പ്രസവം ഇന്ന് നടക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രേ അട്മിട്റ്റ്‌ ഉള്ളു, അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കി , അവസാനം നവംബര്‍ 18 വരെയും രാത്രിയോഴികെ മറ്റെല്ലാ സമയവും ആശുപത്രിയിലും ബസ്‌സ്റൊപ്പിലുമായി കഴിച്ചുകൂട്ടി.അതിനിടയില്‍ ചെറുതും വലുതുമായി അടിവയറ്റില്‍ നിന്നുള്ള വേദനകള്‍ ..
നവംബര്‍ 19.
പതിവിനു വിപരീതമായി അന്നെന്റെ കൂടെ ഏട്ടനും വന്നു, ചെക്ക്‌ അപ്പ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ വീണ്ടും അതേ വേദന ശ്വാസം എടുക്കാന്‍ പോലും കഴിയാതെ പാസേജില്‍ കുത്തിയിരുന്നു , മിനിട്ടുകള്‍ക്ക് ശേഷം ഒരിത്തിരി ആശ്വാസം തോന്നിയപ്പോള്‍ വീണ്ടും തിരിച്ചു നടന്നു എമെര്‍ജെന്‍സി സ്കാനിംഗ്‌നു വേണ്ടി, സി ടി ജി ചെയ്യുമ്പോള്‍ കിട്ടുന്ന ഗ്രാഫില്‍ അറിയാന്‍ കഴിയും ഡെലിവറി പെയിന്‍ എത്ര തീവ്രമാണെന്ന്, തുടര്‍ച്ചായി കുറച്ചു മിനുട്ടുകള്‍ ഒരേ ലെവലില്‍ വേദന വന്നാല്‍ മാത്രേ ആ ഗ്രാഫില്‍ അത് അതേപോലെ അടയാളപ്പെടുത്തു, ഒരു മണിക്കുറില്‍ ഹൈ ഇന്റെന്സിടിയില്‍ മുപ്പതില്‍ അധികം വേദന അതില്‍ രേഖപ്പെടുത്തിയതോടെ അവര്‍ എന്നെ അഡ്മിറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു , അങ്ങനെ 19 നു ഉച്ചയോടു കൂടി അട്മിട്ട് ആയി. വൈകുന്നേരം ഒരു സ്കാന്‍ കൂടി നടത്തിയതില്‍ കണ്ടു കുട്ടിയിലെക്കുള്ള ബ്ലഡ്‌ ഫ്ലോ കറക്റ്റ് ആയി പോകുന്നില്ല ഇടയ്ക്കിടെ ഓരോ ഗ്യാപ്‌ വന്നു കൊണ്ടിരിക്കുന്നു. എന്ന് വച്ചാല്‍ ആ ഗ്യാപ്‌ ഉള്ള സമയം പൊക്കിള്‍ കൊടിയില്‍ കൂടിയുള്ള എല്ലാ പ്രവര്‍ത്തനവും നില്‍ക്കുന്നു , ഓരോ മണികുരിലും ആ ഗ്യാപ്‌ന്റെ സമയം നീണ്ടു വരുന്നു, അത്രേം നേരം കുട്ടിക്ക് വേണ്ടുന്നതോന്നും പൊക്കിള്‍ കൊടിയിലൂടെ കിട്ടുന്നില്ല, ഇനിയും കാത്തു നിന്നാല്‍ അപകടമാകുമെന്നു കണ്ട ഡോക്ടര്സ് നോര്‍മല്‍ ടെലിവേരിയാണ് പ്രേഫെര്‍ ചെയ്യുന്നതെങ്കില്‍ ഒരു ദിവസവും സിസേറിയാന്‍ ആണെങ്കില്‍ അന്ന് തന്നെ രാത്രി നടത്താമെന്നും വേണ്ടത് ചൂസ് ചെയ്യുകാന്നു പറഞ്ഞപ്പോള്,‍ സഹായിക്കാന്‍ ആരും ഇല്ലാതെ നില്‍ക്കുമ്പോള്‍ നോര്‍മല്‍ തന്നെയാണ് വേണ്ടതെന്ന് പറഞ്ഞു,. അന്ന് രാത്രി തന്നെ വേദന കൂട്ടാനുള്ള ഇന്‍ജക്ഷന്‍ തന്നു, വെള്ളം പോലും കുടിക്കാതെ ഉമിനീര്‍ പോലും ഇറക്കാതെയിരിക്കണംന്നു പറഞ്ഞു. ഇന്‍ജക്ഷന്‍ തന്നു രണ്ടു മണികൂര്‍ ആയപ്പോലെക്കും എല്ലാ തീവ്രതയോടും കൂടി തന്നെ പെയിന്‍ തുടങ്ങി. സ്കാനിംഗ്‌ , സി ടി ജി ഉപകരണങ്ങള്‍ അപ്പോഴും എന്റെ ദേഹവുമായി കണക്ട് ആയിരുന്നു, ഉള്ളിലെ ജീവന്‍ ശ്വാസം കഴിക്കാനുള്ള പെടാപ്പാട്പെടുന്നത് സ്കാനിംഗ്‌ മോനിടരില്‍ ‍ ഞാന്‍ തന്നെ കണ്ടോണ്ടിരിക്കുന്നു. ഓരോ നിമിഷവും ഈശ്വരനോട് പ്രാര്‍ത്തിച്ചു.. മോണിട്ടറില്‍ കാണുന്ന കുഞ്ഞു മോനോട് നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു , ഇനിയും സന്കടപ്പെടുത്താതെ ഒന്ന് പെട്ടന്ന് വാന്നു നെഞ്ച് വിങ്ങി അപേക്ഷിച്ചു. കരളുരുകി കെഞ്ചിയത് അവനു മനസ്സിലായിട്ടോ എന്നറിയില്ല സര്‍വ ശക്തിയും എടുത്തു ആ കുഞ്ഞു പുറത്തേക്ക് വരാനുള്ള ശ്രന്മം നടത്തി , പക്ഷെ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവന്റെ പിഞ്ചു ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ ശ്രമം, അതോടെ നനഞ്ഞ തൂവല്‍ പോലെ വീണ്ടും അനങ്ങാതെയായി. സി ടി ജിയില്‍ ഗ്രാഫ് താഴാന്‍ തുടങ്ങി , മോനിടരില്‍ ഒക്സിജെന് ഫ്ലോ കുറഞ്ഞു.മുന്നെത്തെ പോലെ ദൈവം ഇത്തവണയും ജീവനില്ലാത്തൊരു ശരീരം തന്നെയാണ് തരാന്‍ പോകുന്നതെന്ന് ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി.എങ്കിലും കുഞ്ഞു അല്പ്പാല്പ്പമായി ശ്വാസം കഴിക്കുന്നതിന്റെ നേര്‍ത്ത രേഖകള്‍ ആ ഗ്രാഫ് പെപ്പെരില്‍ അപ്പോഴും അടയാളപ്പെടുത്തികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ആ സമയത്തൊക്കെ ഒരു സിസേറിയനുള്ള ഒരുക്കം കൂട്ടുകയായിരുന്നു ഡോക്ടര്സ്.

നവംബര്20
ഭ്രാന്തുപോലെ കഴിഞ്ഞ കുറെ മണിക്കുറുകള്‍ യുഗങ്ങളാണെന്നു തോന്നി, ഉറങ്ങാതെ ഉമിനീര്‍ ഇറക്കാതെ, വേദന കൂടുതല്‍ കൂടുതല്‍ വന്നു എന്നല്ലാതെ ഒരു പ്രസവം നടക്കാതെ കഴിഞ്ഞ രാത്രി. അപ്പോഴും മോണിട്ടറില്‍ ആ കുഞ്ഞു ശരീരം ഇടയ്ക്കിടെ ഇളകും പിന്നെ നിശ്ചലമാകും , പ്രാര്‍ഥനകള്‍ മാറി ഒരുതരം മരവിപ്പ് മാത്രമായി മനസ്സില്‍ , എന്നും ഇപ്പോഴും മനസ്സുതുറക്കുന്നത് കണ്ണനോടായിരുന്നു ഒരവസാന ശ്രമമെന്ന നിലയില്‍ ഒന്നുടി പ്രാര്‍ത്തിച്ചു ഞാന്‍, "കണ്ണാ നിന്റെ ഇഷ്ടത്തിനനുസരിച്ചേ വിധിയുണ്ടാകു, മരിച്ച കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടി വരുന്ന എന്റെ സങ്കടം നിനക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ , ഇത്രേം നാള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതില്‍ ഒരിത്തിരി ആത്മാര്‍ത്തതയുന്ടെന്നു നിനക്ക് തോന്നിയെങ്കില്‍ എന്‍റെ കണ്ണീരു നീ കാണണം, ഈ ലേബര്‍റൂമില്‍ നിന്ന് കൊണ്ട് തന്നെ നിന്റെ പേര് ആയിരത്തൊന്നു വട്ടം ഞാന്‍ എഴുതി തീര്‍ക്കാം എന്ന്..".. പത്തു മിനുട്ടിനുള്ളില്‍ തന്നെ ജയെട്ടനെ വീട്ടിലേക്കു പറഞ്ഞയച്ചു പെന്നും പേപ്പറും രാമായണവും എടുത്തു വരാന്‍ പറഞ്ഞു, ഓരോ പതിനഞ്ചു മിനുട്ടിലും ഡോക്ടര്സ് വന്നു നോക്കി കൊണ്ടേയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ജയെട്ടന്‍ ആവശ്യമുള്ളതെല്ലാം എടുത്തു തിരിച്ചെത്തി, കണ്ണന്റെ നാമം എഴുതാന്‍ വേണ്ടി വലതു കയ്യില്‍ കൂടി ഇട്ട ഡിറിപ്സ്‌ എടുത്തു ഇടതു കയ്യിലേക്ക് മാറ്റാന്‍ പറഞ്ഞു, അങ്ങനെ മരിക്കാന്‍ പോകുന്ന ജീവനെ തിരിച്ചു കൊണ്ടുവരാനുള്ള മനസ്സിന്റെ പ്രാര്‍ത്ഥന അവിടെ തുടങ്ങി.
രണ്ടാമത്തെ ദിവസമായിട്ടും നോര്‍മല്‍ ആകാത്തതുകൊണ്ട് അന്ന് രാത്രി സിസേറിയന്‍ ചെയ്യാമെന്ന് തീരുമാനിച്ചു ഡോക്ടര്സ്. അവര്‍ വന്നു അതിന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു പോയതിനു ശേഷം കണ്ണന്റെ നാമം എഴുതാന്‍ തുടങ്ങി ഞാന്‍.. ഓരോ തവണ എഴുതുമ്പോഴും വേദനകൊണ്ട് പുളയുകയായിരുന്നു ശരിക്കും. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ഥിതി മാറാന്‍ തുടങ്ങി വേദനയുടെ തീവ്രത കുറഞ്ഞു കുറഞ്ഞു വന്നു , രാത്രി ആയതോട് കൂടി കുഞ്ഞിന്റെ കാര്യത്തില്‍ ഉള്ള എല്ലാ പ്രതീക്ഷയും എന്നില്‍ നിന്നും ഇല്ലാണ്ടായി. എങ്കിലും ആ അവ്സ്തക്കിടയിലും കണ്ണനോട് പറഞ്ഞ വാക്ക് തെറ്റിച്ചില്ല , എല്ലാ ഭക്തിയോടും കൂടി തന്നെ എഴുതി തീര്‍ത്തു കണ്ണന്റെ നാമം ആയിരത്തൊന്നു തവണ...
എന്‍റെ മാനസിക നില പകുതിയില്‍ അധികവും തെറ്റി എന്ന ധാരണയാണ് ജയെട്ടന് ഉണ്ടായത്, ഒന്നും മിണ്ടാതെ ഒരു തുള്ളി കണ്ണീര്‍ ‍ പോലും പൊഴിക്കാതെ എന്‍റെ അടുത്ത് ഇരുന്നു എങ്കിലും ആ മനസ്സിന്റെ വിങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഒന്നാശ്വസിപ്പിക്കാന് പോലും ‍ കഴിയാത്തത്ര വറ്റി വരണ്ടു പോയിരുന്നു എന്‍റെ ശബ്ദം.സിസേറിയന്‍ തീരുമാനിച്ചതിനു രണ്ടു മണികൂര്‍ മുന്നേ ഹെഡ് നേഴ്സ് വന്നു ധന്യ ഗെറ്റ് റെഡി ഫോര്‍ അ സിസേറിയന്‍ വിത്ത്‌ ഇന്‍ ടു ഹൌര്സ് ഓള്‍ ദി ബെസ്റ്റ്‌ എന്ന് പറഞ്ഞു പോയി. അപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു , ""കുഞ്ഞിനെ ജീവനോടെ തരാന്‍ നീ തീരുമാനിചെന്കില്‍ അതിന്റെ കൂടെ എന്തിനീ സിസേറിയന്‍ ?.. പിന്നൊരു കുഞ്ഞിനു വേണ്ടി എത്ര വര്ഷം കാത്തിരിക്കണം ഇത്തിരി ദയ എന്നോട് കാണിക്കണംന്നില്ലേ കണ്ണാ നിനക്കെന്നു.. "" പ്രാര്‍ത്ഥിച്ചു ഒരു അര മണികൂര്‍ കഴിഞ്ഞപ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ തന്നെ എനിക്ക് വേദന തുടങ്ങി ഉടനെ തന്നെ എല്ലാ ഡോക്ടര്സും ഒടിയെത്തി, കുട്ടി വീണ്ടും ആക്റ്റീവ് ആയിരിക്കുന്നു സിസേരിയന്റെ ആവശ്യമില്ല അതുകൊണ്ട് തന്നെ നമുക്ക് കാത്തിരിക്കാം ഒരു ദിവസം കൂടി എന്ന് പറഞ്ഞു..മരവിച്ച മനസ്സിന് ആ വാക്കുകള്‍ നല്‍കിയ സാന്ത്വനം എത്രയെന്നു വിവരിക്കാനാകില്ല.അങ്ങനെ പ്രതീക്ഷയുടെ ഇതിരിവെട്ടവുമായി വീണ്ടും...
നവംബര്‍ 21
ഉമിനീര്‍ പോലും ഇറക്കാതെ, വിശപ്പും ദാഹവും വേദനയും കൊണ്ട് തളര്‍ന്നു , നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടതടവില്ലാത്ത വേദനയുടെ നിമിഷങ്ങള്‍ , ചുണ്ടുകള്‍ വരണ്ട് തൊണ്ട പൊട്ടുന്നതു പോലെ.. ഒരു സ്പൂണ്‍ വെള്ളമെങ്കിലും കിട്ടിയില്ലെങ്കില്‍ ചത്ത്‌ പോകുമെന്ന് പറഞ്ഞപ്പോള്‍ ഹെഡ് നേഴ്സ് നേര്‍ത്തൊരു തുണി വെള്ളത്തില്‍ മുക്കിയെടുത്ത് രണ്ടുതുള്ളി നാവിലേക്ക് ഇറ്റിച്ചു തന്നു, വേദനയുടെ മൂന്നാം ദിവസം മണികൂറുകല്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു. ബ്ലഡ്‌ ഫ്ലോയിലെ കുറവ് കാരണം കുഞ്ഞിന്റെ തളര്‍ച്ച കൂടികൂടി വന്നു, ഇനിയൊരു പ്രതീക്ഷക്ക് വകയില്ലാതെ , വീണ്ടും സിസേറിയന് വേണ്ടി , രാത്രി 11.45 നു സമയം തീരുമാനിച്ചു , പത്തരക്ക് അനസ്തേഷ്യ തരാനുള്ള പ്രിപ്പരെഷനു നേഴ്സ് വന്ന സമയം വീണ്ടും ലേബര്‍ പയിന്‍. മോണിട്ടറില്‍ വീണ്ടും ജീവന്റെ പരാക്രമങ്ങള്‍ , അങ്ങനെ അവസാനം 11.20 നു അപ്രതീക്ഷിതമായി , മൂന്നു ദിവസത്തെ തീവ്രവേദനയ്ക്ക് വിരാമമിട്ട് എന്റെ മോന്‍ ഈ ഭൂമിയിലേക്ക്‌, ഒന്ന് കണ്ടതെയുള്ളൂ ഞാനാ കുഞ്ഞു മുഖം, പൊക്കിള്‍ കൊടി മുറിച്ചത് ജയെട്ടന്‍ ആയിരുന്നു , ഇടനെ തന്നെ ഡോക്ടര്സ് അവനെ സ്പെഷ്യല്‍ കെയര്‍ലേക്ക് മാറ്റി, പിറന്നു വീണ ഉടനെ കരഞ്ഞെങ്കിലും ശ്വാസമെടുക്കുന്നത് നൂറു ശതമാനം അല്ല, അപ്പോഴേക്കും അബോധാവസ്ഥയില്‍ ആയിരുന്നു ഞാന്‍, മൂന്നു മണിക്കൂര്‍ നേരം കഴിഞ്ഞു എനിക്ക് ബോധം വന്നതോടെ, ഷവര്‍ ചെയ്യാന്‍ പറഞ്ഞു നേഴ്സ്. പിന്നെ സുഇട്ടിലേക്ക് മാറ്റി, രാവിലെ പത്തു മണിആയപ്പോഴേക്കും എന്നെ ഡിസ്ചാര്‍ജ് ചെയ്തു, പ്രസവം കഴിഞ്ഞു പന്ത്രണ്ടു മണിക്കൂര്‍ ആകുന്നതിനു മുന്നേ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി, മോന്‍ അവിടെയും. പിറ്റേ ദിവസം മുതല്‍ എന്നും ഞാന്‍ രാവിലെ വീണ്ടും ബസ്സില്‍ ഹോസ്പ്പിടളിലേക്ക് പോകും, മൂന്നു മണിക്കുറില്‍ ഒരു തവണ മാത്രമാണ് ഫീഡിംഗിനു അനുവാദം, നാല് തവണ ഫീഡ് ചെയ്യേനെങ്കില്‍ പന്ത്രണ്ടു മണിക്കൂര്‍ അവിടെ നില്‍ക്കണം. രാവിലെ ആറു മണിക്ക് പോയാല്‍ തിരിച്ചു വീട്ടില്‍ എത്തുന്നത്‌ രാത്രി എട്ടു മണിക്ക്, പ്രസവാനന്തര വിശ്രമം ആകെ മൂന്നു മണിക്കൂര്‍ അബോധാവസ്ഥയില്‍ ഹോസ്പ്പിട്ടളില്‍ കിടന്നത് മാത്രം. ഭക്ഷണം ഒന്നോ രണ്ടോ സ്ലിസ് ബ്രെഡ്‌ മാത്രം, രാത്രി വീട്ടില്‍ എത്തിയാല്‍ ജോലി കഴിഞ്ഞു ജയെട്ടന്‍ ഉണ്ടാക്കുന്ന കുറച്ചു കഞ്ഞിയും പപ്പടമോ ഉപ്പെരിയോ എന്തെങ്കിലും. ആശുപത്രിയില്‍ കിടന്നു ഓരോ ദിവസോം ജീവിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഒരു വറ്റ്പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥ. ഓരോ ദിവസത്തെയും യാത്രയും ആഹാരക്കുരവും ഉറക്കമില്ലായ്മയും മാനസിക വേദനയും എന്നെ തളര്‍ത്തികൊണ്ടേയിരുന്നു, അന്പത്തിയെട്ടു ദിവസങ്ങളോളം മോന്‍ ആശുപത്രിയില്‍ കിടന്നു. അങ്ങനെ അവനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം മോന് ഹെഡ് സ്കാന്‍ ചെയ്തു, മണിക്കുറുകള്‍ക്ക് ശേഷം കിട്ടിയ റിസള്‍ട്ട്‌ ഞങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു, ബ്രെയിന്‍ലെ ബ്ലഡ്‌ സെല്‍സില്‍ ബ്ലീഡിംഗ്, ,കുട്ടി എത്ര ദിവസം ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ല , ഈ രോഗത്തിന് ട്രീറ്റ്‌മെന്റ് ഇല്ലാ എന്നുകൂടി അറിഞ്ഞതോടെ ഞാന്‍ അവിടെ തന്നെ തളര്‍ന്നു വീണു, കുട്ടി പോകുന്നത്ര പോകട്ടെ അടിത്തമാസം ഒരു സ്കാനിംഗ്‌ കൂടി വെക്കാം മറ്റൊരു ഹോസ്പ്പിട്ടളിലേക്ക് റെഫര്‍ ചെയ്യംന്നു പറഞ്ഞു, പിന്നീടുള്ള പ്രാര്‍ത്ഥന ആ സ്കാനിംഗ്‌ വരെഎങ്കിലും മോന്റെ ആയുസ്സ് നീട്ടി തരണെ എന്നായിരുന്നു..ഏട്ടനോ ഏട്ടന്റെ കാര്യങ്ങളോ എന്‍റെ ചിന്തയുടെ ഏഴയലത്ത് പോലും വന്നില്ലാ അന്ന്, മോന്റെ മുഖം അത് മാത്രമായിരുന്നു മനസ്സില്‍.പിന്നീട് പ്രാര്‍ത്തിക്കാത്ത ദൈവങ്ങളില്ല നേരത്ത നേര്‍ച്ചകളും. മോനെ വീട്ടിലേക്കു വിടാന്‍ തീരുമാനിച്ചു ഡോക്ടര്സ്, അങ്ങനെ അവനെയും കൊണ്ട് വീടിന്റെ പടി കടന്നു.. ഓരോ നിമിഷവും അവന്റെ മൂകില്‍ കൈ വച്ച് നോക്കും ഞാന്‍ ജീവനോടെ ഉണ്ടെന്നു വിശ്വസിക്കാന്‍ , ഉറങ്ങാതെ ഒന്ന് കണ്ണ് ചിമ്മുക പോലും ചെയ്യാതെ സ്കാനിംഗ്‌ ദിവസം വരെയും ഈശ്വരനെ മാത്രം വിശ്വസിച്ചു കഴിച്ചു കൂട്ടിയ ദിവസങ്ങള്‍.അങ്ങനെ ആ ദിവസമെത്തി, മോന്റെ ഹെഡ് സ്കാന്‍ ചെയ്തു റിസള്‍ട്ട്‌ അവര്‍ പറയില്ല ഡോക്ടര്‍ക്ക്‌ അയച്ചു കൊടുക്കുകയെ ഉള്ളുന്നു പറഞ്ഞു, വീണ്ടും ഉരുകിതീര്‍ന്ന ദിനങ്ങള്‍. വിട്ടു പോയാല്‍ അച്ഛനും അമ്മയ്ക്കും മറ്റൊരു കുഞ്ഞില്ലാ എന്ന് ഓരോ നിമിഷവും അവന്റെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു, ജീവിത്സകാലം മുഴുവനും അവനു വേണ്ടി വ്രതമെദുക്കാമെന്നു നേര്‍ന്നു, പ്രര്‍ത്തന്കള്‍ക്ക് ഫലമുണ്ടായി, റിപ്പോര്‍ട്ട്‌ നൂറു ശതമാനവും പെര്‍ഫെക്റ്റ്‌ ആയിരുന്നു, അങ്ങനെ 2007 November 21 നു ഗുരുവായൂര്‍ ഏകാദശി ദിനം രേവതി നക്ഷത്രത്തില്‍ ജനിച്ച ഈ കുഞ്ഞു മറ്റാരുമല്ല എന്റെ മൂത്ത മോന്‍ " നവജ്യോത് കൃഷ്ണ".. ഇന്നവന്റെ പിറന്നാള്‍ ആണ്( നക്ഷത്രം), നാല് വയസ്സ് തികഞ്ഞിരിക്കുന്നു.. ‍

ആത്മാവിന്‍റെ പ്രണയം


നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് പോലും അറിയാതെ നിസ്സംഗതയോടെ ഈ ഇരുപ്പ് തുടങ്ങിയിട്ടെത്ര നാളായി, ചിന്തകള്‍ പോലും നഷ്ട്ടപ്പെട്ട ദിനരാത്രങ്ങള്‍ .. മനസ്സു തുറന്നൊന്നു പറയാനും കരയാനും കഴിയാതെ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തട്ടി പ്രതിധ്വനിക്കുന്ന തന്റെ തന്നെ നിശ്വാസത്തിന്റെ ചൂട് ഓര്‍മ്മകളെപ്പോലും ചുട്ടുപൊള്ളിക്കുന്നു.എവിടേക്കാണ് ഞാന്‍ പോകേണ്ടത് നിന്റെ ഓര്‍മ്മകളുടെ ഭാണ്ഡമഴിച്ചു വെക്കാന്‍.നമ്മുടെ പ്രണയത്തിന് സാക്ഷിയായി എന്നും കൂട്ട് വന്ന മഴ പോലും പെയ്യാന്‍ മറന്നു നില്‍ക്കുകയാണിന്നു.എല്ലാം മനസ്സ് തുറന്നു പറഞ്ഞിട്ടും സംശയത്തിന്‍റെ കരിനിഴലില്‍ തൂങ്ങിയാടിയ പ്രണയം അതിന്റെ അവസാന ശ്വാസം വരെയും പോരാടി തളര്‍ന്നാണ് വീണത്‌.കാരണമില്ലാതെ നിന്നില്‍ വരുന്ന ഭാവമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏറെ ശ്രമിച്ചു ഞാന്‍ , ഒടുവില്‍ നീ തന്ന ഓര്‍മ്മകള്‍ കൊണ്ട് ചിതയുണ്ടാക്കി സ്വയം കത്തിയെരിയാന് തീരുമാനിച്ചു.‍ ജീവനില്ലാത്ത ശരീരങ്ങള്‍ പ്രണയിക്കില്ല, പ്രണയ നഷ്ടങ്ങളില്‍ സ്വയമുരുകി തീരില്ല, ആര്‍ക്കു വേണ്ടിയും കണ്ണീര്‍ പൊഴിക്കില്ല .. ഇതൊക്കെയായിരുന്നു വിശ്വാസം.... പക്ഷെ ഇപ്പോള്‍ ശരീരമില്ലാത്ത ആത്മാവ് നിന്നെ തേടി അലയുകയാണ്.. കാരണം ഞാന്‍ നിന്നെ സ്നേഹിച്ചത് എന്റെ ആത്മാവ് കൊണ്ടായിരുന്നു.ഇപ്പോഴും അറിയില്ല എവിടെയാണ് പിഴച്ചത്.......

തുടിപ്പ്....

ഏറെ നാളുകള്‍ക്കു ശേഷം ഈ പുലരി എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍ നനഞ്ഞലിയവേ നീ എന്നില്‍ ശേഷിപ്പിച്ച ആലസ്യത്തിന്റെ കൂട്പൊളിച്ചു എനിക്കൊന്നുറക്കെ കരയാന്‍ തോന്നുന്നതെന്തേ,മൌനത്തിന്റെ ചെറിയൊരു ഇടവേള പോലും അസഹ്യമാകുന്നതെന്തേ... കൂടുതല്‍ അറിയുന്തോറും നീ എന്നില്‍ വേരുറപ്പിക്കുന്നു.. ഒരിക്കലും പിഴുതെടുക്കാനാക്കാത്ത അത്രയും ആഴത്തില്‍,.. ആ മനമൊന്നിടറിയാല്‍, കണ്ണൊന്നു നനഞ്ഞാല്‍ ഓര്‍ക്കുക കാതങ്ങല്‍ക്കകലെ നിന്നും നിന്നിലെക്കെത്തുന്നൊരു ഹൃദയം ഇവിടെ വരികള്‍ക്കിടയില്‍ തുടിക്കുന്നുണ്ടെന്നു...

നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയാല്‍...

" നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയാല്‍ എന്റെ മിഴികള്‍ നിറയുന്നതെന്തേ... എന്റെ ഹൃദയം വിതുമ്പുന്നതെന്തേ..." നിന്‍റെ കൂടെ ഉണ്ടായിരുന്നു ഓരോ ഓര്‍മ്മകളിലും എന്നില്‍ നിന്നും ഉതിരുന്നത് രണ്ടു തുള്ളി കണ്ണുനീര്‍ അല്ലാ... പേമാരിയാണ്.. ഓരോ നിമിഷവും നീറി നീറി ഞാന്‍ കഴിയുന്നത് എന്നെങ്കിലും ഓര്‍ത്തുവോ. ഒന്ന് മുഖം വാടുമ്പോള്‍ ദേഷ്യം വരുമ്പോള്‍ കൂടെ നിന്ന് കാണുന്നതെങ്ങനെ ഞാന്‍.. കാതങ്ങല്‍ക്കകലെ ഇരുന്നു വാക്കുകളില്‍ കൂടി പങ്കിടുന്ന സ്നേഹത്തിന് ആഗ്രഹത്തിന്റെ അതിര്‍ വരമ്പുകളെ തട്ടി നീക്കാനുള്ള ശേഷിയില്ലാത്തത് എന്റെ നിസ്സംഗതയെ ഒന്നുകൂടി വളര്‍ത്തുന്നു.. എങ്കിലും എന്നില്‍ നീയും നിന്നില്‍ ഞാനും ഉള്ളിടത്തോളം ഒരു അകല്‍ച്ച സാധ്യമാകുന്നതെങ്ങനെ? പ്രണയത്തിന്റ ഇരു ഹൃദയങ്ങള്‍ എല്ലാ മറകളെയും നീക്കി ഒരുന്നാള്‍ ഒരുമിക്കട്ടെ. ഇന്ന് പൊഴിക്കുന്ന കണ്ണുനീര്‍ തുള്ളികള്‍ എല്ലാം തന്നെ നിന്നോടുള്ള എന്റെ പ്രേമത്തിന്റെ തീര്‍ത്ഥങ്ങളായി കണ്ടു സ്വീകരിച്ചാലും.....................

മഷിത്തണ്ട്

കൈ പിടിച്ചു കൂടെകൂട്ടി ഒന്നാം ക്ലാസ്സിന്റെ പടിവാതുക്കല്‍ എന്നെ കൊണ്ടാക്കി നീ തിരിച്ചു പോകുമ്പോ ഓടിവന്നു ഞാന്‍ വരാതെ ഒറ്റക്കെങ്ങും പോകല്ലേന്നു നീ പറഞ്ഞത് ഓര്‍ക്കാറുണ്ട്, വളര്‍ന്നപ്പോ നിന്റെ കരുതലും കൂടികൂടി വരുന്നത് ഞാന്‍ അറിഞ്ഞിരുന്നു, ഒരിക്കലും ഒറ്റക്കാക്കാതെ എന്റെ ബാല്യം മുഴുവനും കൂടെ നടത്തിയിട്ട് നീ എന്തെ അകന്നു,ഒരു ജന്മം മുഴുവനും കൂടെ കൂട്ടാമായിരുന്നില്ലേ. വെള്ള മഷിത്തണ്ട് കൊണ്ട് മായ്ച്ചുകളഞ്ഞിട്ടില്ല ഒന്നും... ഇവിടെയുണ്ട് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ശിലാലിഖിതമായി.. ഡിസംബറിന്‍റെ ആദ്യനഷ്ടം അത് നീയായിരുന്നു....